Tuesday, August 11, 2020

നാമ്പ് (ഭാഗം 4)

      

          അങ്ങനെ ഒരു വർഷംകൂടി അവസാനിക്കുകയാണ്. കഴിഞ്ഞവർഷം എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു? പറയത്തക്കതായി ഒന്നും ഉണ്ടായില്ല. ഒരു നല്ല ജോലി ആഗ്രഹിച്ചിരുന്നു. ഒരു ജോലി കിട്ടുകയും ചെയ്തു. പക്ഷേ അത് വെറും രണ്ട് മാസമേ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് ഒന്നുമായില്ല. ഒരു തുള്ളി വെള്ളം കൊണ്ട് മരുഭൂമിയുടെ ദാഹം ശമിപ്പിക്കാൻ കഴിയുമോ? രണ്ട് മാസത്തെ ശമ്പളം കൊണ്ട് മലപോലെ നിൽക്കുന്ന ബാധ്യതകളും മാറില്ല. വേറെയൊരു ജോലിക്ക് ശ്രമിച്ചു. ഒന്നും ശരിയായില്ല. ഓരോരോ കാരണങ്ങൾകൊണ്ട് എല്ലാം മുടങ്ങിപ്പോയി. ചിലപ്പോൾ ഇന്റർവ്യൂ പാസ്സാവില്ല. ചിലപ്പോൾ ശമ്പളം കുറവായിരിക്കും. എനിക്ക് ജോലി കിട്ടിയ കമ്പനിയുടെ പ്രൊജക്റ്റുപോലും ക്യാൻസലായി പോയിട്ടുണ്ട്. ഇതൊക്കെ എന്റെ കുഴപ്പം കൊണ്ടാണോ? അറിയില്ല. എന്നെകൊണ്ട് സാധിക്കുന്നത്ര ഞാൻ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ആർക്കും അറിയില്ല. പറഞ്ഞാൽ മനസ്സിലാവുകയുമില്ല. ചിലരുടെ കണ്ണിലെങ്കിലും ജോലിയൊന്നും ചെയ്യാതെ തെക്കുവടക്കു നടക്കുന്ന ചെറുപ്പക്കാരനെന്ന സ്ഥാനം എനിക്കുണ്ട്. എനിക്കുമാത്രമല്ല, എന്നേപോലെ ധാരാളം യുവാക്കൾക്കുമുണ്ട്. എന്തുചെയ്യും? വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ജോലി കിട്ടുന്നതുവരെ. ചിലപ്പോ തോന്നും മരണം വരെയുള്ള സമരമാണ് ജീവിതമെന്ന്. ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും എന്തെങ്കിലുമൊക്കെ നേടിയെടുക്കുവാനുള്ള സമരം. ഒന്ന് നേടിക്കഴിയുമ്പോൾ മറ്റൊന്ന്. അങ്ങനെ മരണം വരെ. 
    കഴിഞ്ഞ ഒക്ടോബറിൽ ഞാനൊരു ഇന്റർവ്യൂ പാസ്സായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ജോലി കിട്ടിയെന്ന് ഉറപ്പിക്കാനാവില്ല. ഇതും കിട്ടാതിരിക്കാൻ സാധ്യതകളുണ്ട്. ഇപ്പോ രണ്ടുമാസം കഴിഞ്ഞു. ഒരു വിവരവുമില്ല. അങ്ങോട്ട് വിളിച്ചു ചോദിച്ചാൽ 'സമയമാകുമ്പോൾ അറിയിക്കാമെന്ന് ' പറയും. പാസ്സ്പോർട്ട് മുമ്പേ വാങ്ങിവയ്ക്കുന്നതുകൊണ്ട് വേറെ ജോലിക്ക് ശ്രമിക്കുവാനും പറ്റില്ല. ഏജൻസിയുടെ വിളിയും കാത്തങ്ങനെ ജീവിക്കുകയാണ്.
        എല്ലാവരെയുംപോലെ ഞാനും കഴിഞ്ഞുപോയ ഒരു വർഷത്തെ നഷ്ടങ്ങളും നേട്ടങ്ങളുമെല്ലാം പരിശോധിച്ചുനോക്കി.  എവിടെയൊക്കെയാണ് വീഴ്ച പറ്റിയത്? എവിടെയൊക്കെയാണ് നേട്ടങ്ങളുണ്ടായത്? യഥാർത്ഥത്തിൽ നേട്ടമെന്ന് പറയുന്നത് എന്താണ്? ഒരുപാട് പണമുണ്ടാക്കുന്നതാണോ നേട്ടം? പണം കൊണ്ട് സാധിക്കാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തിൽ. ഒന്നാലോചിച്ചാൽ ജീവിതത്തിൽ നഷ്ടവും നേട്ടവുമൊന്നും ഇല്ല. എല്ലാം തുല്യമാണ്. എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിനൊപ്പം എന്തെങ്കിലുമൊക്കെ നഷ്ടമായിട്ടുണ്ടാകും. അതുപോലെ എന്തെങ്കിലും നഷ്ടമുണ്ടായാൽ നമ്മളറിയാത്ത എന്തെങ്കിലും നേട്ടങ്ങളും അതിലൂടെയുണ്ടാകും. നമ്മളത്  മനസ്സിലാക്കാൻ ചിലപ്പോൾ ഒരുപാട് സമയമെടുക്കും. നഷ്ടങ്ങളെപറ്റിയോ നേട്ടങ്ങളെപറ്റിയൊ ആകുലപ്പെടാതെ സന്തോഷത്തോടെ ജീവിക്കുകയെന്നതാണ് പ്രധാനം.
      ജോയ് താക്കോൽക്കാരനും ഗ്രീനു ശർമയും പുതുവത്സരദിനത്തിൽ വടക്കുംനാഥ ക്ഷേത്രത്തിന് മുമ്പിൽ കിടന്ന് ആകാശത്തേക്ക് നോക്കി പറയുന്നതുപോലെ "നീ നോക്കിക്കോടാ.. രണ്ടായിരത്തി പത്തൊമ്പതിൽ മ്മള് തകർക്കും.." എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഞാനും എന്നേപ്പോലെ തൊഴിൽരഹിതരായ എന്റെ കൂട്ടുകാരും പുതിയ വർഷത്തിലേക്ക് കടന്നു. ഇത്തവണ ഒരു പ്രത്യേകതയുണ്ട്, 
എല്ലാ പ്രാവശ്യവും പുതുവർഷത്തിലെടുക്കാറുള്ള നടക്കാത്ത തീരുമാനങ്ങൾ ഇത്തവണയില്ല. കഴഞ്ഞ വർഷത്തേക്കാൾ കുറച്ചുകൂടി നന്നായി ജീവിക്കണം. അത്രേയൊള്ളൂ. 

          അങ്ങനെ അധികം ആഘോഷങ്ങളൊന്നുമില്ലാതെ എല്ലാ വർഷത്തേയും പോലെ പുതിയ വർഷത്തിലേക്ക് പ്രവേശിച്ചു. പാതിരാ കുർബ്ബാന കഴിഞ്ഞ് വീട്ടിലെത്തി; ഒന്ന് ഉറങ്ങിയെഴുന്നേറ്റു. മൊബൈൽ അടുത്ത് കിടക്കയിൽ തന്നെ ഉണ്ടായിരുന്നു. അതെടുത്ത് നോക്കി. ഇന്റർനെറ്റ് ഓൺ ചെയ്തപ്പോഴേക്കും കുറേ മെസേജുകൾ വരാൻ തുടങ്ങി. എല്ലാം ന്യൂയറിന്റെ ആശംസകളായിരുന്നു. ഇവരൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു? ഒരിക്കലും മെസേജ് അയക്കാത്തവർ പോലും വിശേഷപ്പെട്ട ദിവസങ്ങളിൽ ആശംസകളുമായി വരും. അല്ലാത്തപ്പോഴൊക്കെ മെസേജ് അയച്ചാൽ തിരിഞ്ഞുനോക്കാത്തവരും ആ കൂട്ടത്തിലുണ്ടാകും. എന്തെങ്കിലുമാവട്ടെ, ഇപ്പോഴെങ്കിലും അവരെന്നെ ഓർക്കുന്നുണ്ടല്ലോ. ഞാനും തിരികെ ആശംസകൾ അയച്ചു. എല്ലാവർക്കും ടൈപ്പ് ചെയ്ത് മറുപടി കൊടുത്താൽ കുറേ സമയം പോകും. അതുകൊണ്ട് ഒരാൾക്ക് അയച്ച മെസേജ് തന്നെ കോപ്പി ചെയ്ത് എല്ലാവർക്കും അയച്ചു. ആർക്കും പരാതി വേണ്ട.
      കുറച്ചുകഴിഞ്ഞപ്പോൾ 'പുതുവത്സരാശംസ'യുടെ അകമ്പടിയോടെ മുമ്പയച്ച മെസേജിനുള്ള അഖിലിന്റെ മറുപടി വന്നു. അടുത്ത ഞായറാഴ്ച ജീസ്സസ് യൂത്തിന്റെ പ്രാർത്ഥനായോഗം കൂടുന്നതിനെ പറ്റിയാണ് അവൻ ചോദിക്കുന്നത്. ഇത്ര പെട്ടെന്ന് ഇതെങ്ങനെ തുടങ്ങും. പ്രാർത്ഥനായോഗമാകുമ്പോൾ ഞാൻ മാത്രം പോരല്ലോ. വേറെ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയാകെ അഞ്ച് ദിവസമേയൊള്ളൂ. 'ഞാനൊന്ന് ആലോചിച്ചിട്ട് പറയാം.' എന്നു പറഞ്ഞു. 
       ആദ്യം വർഗ്ഗീസച്ചനോട് ചോദിക്കണം. അച്ചനെ ഫോണിൽ വിളിച്ച് സംസാരിച്ചു. അച്ചന് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പ്രാർത്ഥനായോഗം കൂടുവാൻ തീരുമാനിച്ചു. അത് അഖിലിനെ അറിയിച്ചു. അപ്പോഴും ആരൊക്കെ വരുമെന്നറിയില്ല. എനിക്ക് പരിചയമുള്ളവരോടൊക്കെ പറയുവാൻ തുടങ്ങി. തുടർന്നുള്ള എല്ലാ ദിവസവും കുർബ്ബാന കഴിഞ്ഞുള്ള സമയം ഇടവകയിലെ യുവജനങ്ങളെ ലക്ഷ്യമിട്ട് ഞാൻ പള്ളിവരാന്തയിൽ നിന്നു. ഇതായിരിക്കുമോ മീൻ പിടിക്കുന്നവനെ മനുഷ്യനെ പിടിക്കുന്നവനാക്കുന്ന ദൈവത്തിന്റെ മാജിക്? 
       പള്ളിയിൽ സ്ഥിരമായി കാണാറുള്ള കുറച്ചുപേരുണ്ട്. ആദ്യം അവരോടൊക്കെ പോയി കാര്യം പറഞ്ഞു. ചിലരൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവായി. ചിലർ വരാൻ ശ്രമിക്കാമെന്ന് പറഞ്ഞു. എന്നെ ഒഴിവാക്കാൻ പറഞ്ഞതാണെന്ന് വ്യക്തം. അല്ലെങ്കിൽ പിന്നെ ഇതിൽ ശ്രമിക്കാനെന്താണുള്ളത്. സമയമാകുമ്പോൾ പള്ളിയിൽ വരണം. അത്രയല്ലേ ഒള്ളൂ. വേറെ തിരക്കുണ്ടെങ്കിൽ ഉറപ്പായും അവർ ആ കാരണം പറയും. ശ്രമിക്കാമെന്ന് പറഞ്ഞവർ വരില്ലെന്ന് ഉറപ്പിക്കാം. മുഖത്തുനോക്കി 'ഞാനില്ല' എന്ന് പറയാനുള്ള മടികൊണ്ടായിരിക്കും അവരങ്ങനെ പറഞ്ഞത്. 
       ജീസ്സസ് യൂത്ത് തുടങ്ങുവാൻ പിന്തുണ പ്രഖ്യാപിച്ച് ഏതാനും ചെറുക്കന്മാരും എന്റെ കൂടെനിന്നു. ഇടവകയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു അവർ. ഇതുകൂടാതെ വാട്സാപ്പിലൂടെയും ഫേസ്ബുകിലൂടെയും എനിക്ക് അറിയാവുന്നവരെയൊക്കെ ഈ കൂട്ടായ്മയിലേക്ക് വിളിച്ചു. അങ്ങനെ ഓരോ ദിവസവും കടന്നുപോയി. ഓരോ ദിവസം കഴിയുംതോറും എന്റെ മനസ്സിലെ ഉത്‌ക്കണ്‌ഠയും കൂടിക്കൊണ്ടേയിരുന്നു.
         

Saturday, August 1, 2020

നാമ്പ് (ഭാഗം 3)


               ആ വചനം എന്റെ മനസ്സിലുടക്കി. ദൈവം എന്റെ കൂടെയുണ്ടെങ്കിൽ എനിക്കെല്ലാം ചെയ്യാൻ സാധിക്കില്ലേ? ബൈബിളിലെ പഴയ നിയമത്തിൽ ഇസ്രായേൽ ദുർബലരായിരുന്നിട്ടും യുദ്ധങ്ങൾ ജയിച്ചത് അവരുടെ കൂടെ ദൈവം ഉണ്ടായിരുന്നതുകൊണ്ടല്ലേ? ദൈവം കൂടെയില്ലാതിരുന്നപ്പോഴെല്ലാം അവർ പരാജയപ്പെടുകയും ചെയ്തു.  അതുകൊണ്ട് ദൈവം കൂടെയുണ്ടെങ്കിൽ ഞാൻ ദുർബലനാണെങ്കിലും എനിക്കെല്ലാം ചെയ്യാൻ കഴിയും.
     എങ്കിലും ഒരുപാട് സംശയങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു. ഇതൊക്കെ ഞാനെങ്ങനെ ചെയ്യും? ജീസ്സസ് യൂത്ത് എന്താണെന്നുപോലും എനിക്കറിയില്ല. അവർ ഒരുമിച്ചുകൂടുമ്പോൾ എന്തൊക്കെയാണ് ചെയ്യുന്നത്. പ്രാർത്ഥന ഉറപ്പായും ഉണ്ടാകും. ഇത്ര സന്തോഷത്തോടെ എങ്ങനെയാണവർ പ്രാർത്ഥിക്കുന്നത്?  പ്രാർത്ഥന മാത്രമേ ഉണ്ടാകൊള്ളൂ? എനിക്ക് ഒന്നും അറിയില്ല. ഈ ഞാനാണ് ഒരു സ്വപ്നം കണ്ടെന്നുകരുതി ജീസ്സസ് യൂത്ത് തുടങ്ങുന്നതിനെപറ്റി ചിന്തിക്കുന്നത്.
      പക്ഷേ, സ്വപ്നങ്ങൾ അങ്ങനെ തള്ളിക്കളയാൻ പറ്റോ. വെറുമൊരു ആട്ടിടയനായ സാന്റിയാഗോ നിധി തേടിയിറങ്ങുന്നത് ഒരു സ്വപ്നം കണ്ടിട്ടല്ലേ. ആ നിധിയോടൊപ്പം ധാരാളം അറിവും അനുഭവങ്ങളും അയാൾ സ്വന്തമാക്കുന്നുണ്ട്. പക്ഷേ അതൊരു കഥയാണ്. ഇത് ജീവിതവും. എന്തായാലും ദൈവം ആഗ്രഹിക്കുന്നതു പോലെ നടക്കട്ടെ.
          വീട്ടിലെ കുറച്ച് കാര്യങ്ങളൊക്കെ ചെയ്തതിനു ശേഷം മൊബൈലെടുത്ത് നോക്കി. ജീസ്സസ് യൂത്തിനെകുറിച്ച് അഖിലിനോട് ചോദിക്കണം. ഒരു മെസേജ് അയച്ചു. അവനത് കണ്ടില്ല. വീണ്ടും മെസേജ് അയച്ച് ശല്യം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. ചിലപ്പോ എന്തെങ്കിലും തിരക്കിലാവും. പ്രോഗ്രാം കഴിഞ്ഞാലും അവിടെ എന്തെങ്കിലുമൊക്കെ പണിയുണ്ടാകും. അല്ലെങ്കിൽ എപ്പോഴും അവൻ ഓൺലൈനിൽ ഉണ്ടാകാറുള്ളതാണ്. എന്നാൽ പിന്നെ ഷെറിനോട് ചോദിച്ചാലോ? അവളിപ്പോൾ വേദപാഠം പഠിപ്പിക്കാൻ പോയിട്ടുണ്ടാകും. എന്നാലും മെസേജ് അയച്ചിടാം. കാണുമ്പോൾ മറുപടി തരട്ടെ.
        ഉച്ചയൂണ് കഴിഞ്ഞ് കുറച്ചുനേരം കിടക്കാമെന്നു കരുതി മുറിയിലേക്കുപോയി. മൊബൈലെടുത്ത് നോക്കിയപ്പോൾ ഷെറിന്റെ മെസേജ് വന്നിട്ടുണ്ട്. ഞാനവളോട് ചോദിച്ചു.
    "നിന്റെ പള്ളിയിലെ ജീസ്സസ് യൂത്തിൽ എത്രപേരുണ്ട്?"
    "ഇപ്പോ അധികമില്ല. ആകെ ഇരുപത്തിയഞ്ചുപേരോളം ഉണ്ട്."
     "അവിടെ നിങ്ങൾ എന്തൊക്കെയാ ചെയ്യുന്നേ.? പ്രെയർ ഗ്രൂപ്പ് മാത്രേയൊള്ളൂ.?"
     "അല്ല..!" എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അവൾ ചോദിച്ചു. "എന്തേ? അവിടെ തുടങ്ങാനാണോ?"
             ഇവളിത് എങ്ങനെ മനസ്സിലാക്കി? ചിലപ്പോൾ പതിവില്ലാതെ ചോദിച്ചതുകൊണ്ടായിരിക്കും.
       ചെറിയ വിഷമത്തോടെ ഞാൻ പറഞ്ഞു. "ഞാൻ മാത്രം വിചാരിച്ചാൽ ഇവിടെയൊന്നും നടക്കില്ല."
     "സ്വാഭാവികം." അവൾ പറഞ്ഞു. 

               വൈകുന്നേരമായപ്പോൾ ഞാൻ കുർബ്ബാനക്കു പോകാനൊരുങ്ങി.  ഞാൻ നേരത്തെ തയ്യാറായി. ധാരാളം സമയമുള്ളതുകൊണ്ട് ഒരു ചായയിട്ട് കുടിച്ച് ഉമ്മറത്തിരുന്നു. അപ്പച്ചൻ അകത്ത് ടിവി കണ്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. അകത്തിരുന്നുകൊണ്ട് അപ്പച്ചൻ എന്നോട് പറഞ്ഞു. " കുർബ്ബാന കഴിഞ്ഞ് അവിടൊന്നും കറങ്ങി നടക്കരുത് വേഗം വരണം. അങ്കമാലിയിലേക്ക് പോകാനുള്ളതാ."
           ഞാനത് മറന്നിരിക്കായിരുന്നു. ഇന്ന് അങ്കമാലിയിലെ സബിനോസ് ചേട്ടന്റെ കല്യാണ തലേന്നാണ്. അവർക്ക് അധികം ബന്ധുക്കളില്ല. അതുകൊണ്ട് ഞങ്ങൾ ഉറപ്പായും പോകണം. 
       "ആ.., ഞാൻ വരാം. പോകാറാകുമ്പോ വിളിച്ചാ മതി. ഞാനിന്ന് മൊബൈലെടുക്കുന്നുണ്ട്." ഞാൻ പറഞ്ഞു.
           കുർബ്ബാനക്ക് ഇനിയും സമയമുണ്ട്. എന്നാലും നേരത്തേ പോകാമെന്നു കരുതി. അൾത്താരയിൽ കയറണം. ചിലപ്പോൾ ലേഖനം വായിക്കേണ്ടിവരും.
         പയ്യെ നടന്ന് ഞാൻ പള്ളിയിലെത്തി. കപ്യാര് നേരത്തേ എത്തിയിട്ടുണ്ട്. സ്കൂട്ടർ അവിടെ ഇരിപ്പുണ്ട്. നേരെ സങ്കീർത്തിയിലേക്കു കയറി. അച്ചന് കുർബ്ബാനക്കിടാനുള്ള വസ്ത്രങ്ങൾ ഒരുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു കപ്യാര്.  കുർബ്ബാനയിൽ വായിക്കേണ്ട ഭാഗം അതിനിടെ എനിക്ക് കാണിച്ചുതന്നു. ഞാനത് മനസ്സിൽ ഒരുവട്ടം വായിച്ചു. തെറ്റ് വരാൻ പാടില്ലാലോ. ഒരു പ്രാവശ്യം വായിച്ചാൽ മതി പിന്നെ തെറ്റില്ല.
       അപ്പോഴേക്കും വർഗ്ഗീസച്ചൻ സങ്കീർത്തിയിലേക്ക് കയറിവന്നു. കുർബ്ബാനയ്ക്കു ശേഷമുള്ള യുവജനങ്ങളുടെ മീറ്റിങ്ങിനെ പറ്റി എന്നോട് പറഞ്ഞു. അപ്പോഴാണ് ആ കാര്യം ഞാൻ ഓർക്കുന്നത്. മുമ്പെപ്പോഴോ അച്ചൻ അറിയിപ്പിൽ അതിനെപറ്റി പറഞ്ഞിട്ടുണ്ടായിരുന്നു. എനിക്കതിൽ പങ്കെടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്കമാലിയിലേക്ക് പോകണം.
       ഞാൻ അച്ചനോട് പറഞ്ഞു. "അച്ചാ., എനിക്ക് മീറ്റിങ്ങിന് നിൽക്കാൻ പറ്റില്ല. അങ്കമാലിക്ക് പോണം. ഒരു ഫങ്ഷനുണ്ട്."
     അച്ചൻ ഒന്നും പറയാതെ എന്നെയൊന്ന് നോക്കി. ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെന്ന് മുഖം കണ്ടാലറിയാം.
    ഒരു നിമിഷം ആലോചിച്ചിട്ട് ഞാൻ പറഞ്ഞു: "ഞാൻ കുറച്ചുനേരം മീറ്റിങ്ങിൽ ഇരിക്കാം. പക്ഷേ, അപ്പച്ചൻ വിളിക്കുമ്പോൾ പോകേണ്ടിവരും."
     അച്ചൻ ഗൗരവത്തോടെ സമ്മതം മൂളി.
         കുർബ്ബാന കഴിഞ്ഞ് നേരെ പള്ളിയകത്തേക്കുപോയി. മീറ്റിങ്ങിന് അധികമാരും വന്നിട്ടില്ല. അച്ചനിത്ര കാര്യമായിട്ട് പറഞ്ഞിട്ടും ഞാനടക്കം ആകെ ഒമ്പതുപേരാണ് വന്നത്. മീറ്റിങ് നയിക്കുന്നത് ബേബിച്ചൻ ബ്രദറാണ്. ബ്രദർ എന്റെ പുതിയ അയൽക്കാരനാണ്. താമസം മാറി വന്നിട്ട് അധികം ആയിട്ടില്ല. പോട്ടയിലും ഡിവൈനിലുമൊക്കെ ധ്യാനിപ്പിക്കാൻ പോകുന്ന ആളാണ്. 
         ബ്രദർ മീറ്റിങ് ആരംഭിച്ചു. മീറ്റിങ് എന്നൊന്നും പറയാൻ പറ്റില്ല. ഇടവകയിലെ യുവജനങ്ങളെ ഒന്ന് ഉഷാറാക്കാനുള്ള ബ്രദറിന്റെ ശ്രമമാണ്. അദ്ദേഹം കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പോഴേക്കും അപ്പച്ചൻ എന്നെ ഫോണിൽ വിളിച്ചു. ഞാൻ ബ്രദറിനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് പുറത്തേക്കിറങ്ങി. കുറച്ച് ചേട്ടൻമാരോട് സംസാരിച്ചുകൊണ്ട് വർഗ്ഗീസച്ചൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
     അച്ചന്റെയടുത്ത് ചെന്ന് ഞാൻ പറഞ്ഞു: "അച്ചാ.., ഞാൻ പോവാണ്. അപ്പച്ചൻ വിളിച്ചു."
        "എത്ര പേര് വന്നിട്ടുണ്ട്?" അച്ചനെന്നോട് ചോദിച്ചു.
    ഞാനൊന്ന് ആലോചിച്ചിട്ട് പറഞ്ഞു. "ഒമ്പത് പേരുണ്ടാവും."
      "നമ്മുടെ ഇടവകയിൽ ഇത്ര പിള്ളേരുണ്ടായിട്ട് ആകെ ഒമ്പത് പേര് വന്നുള്ളു അല്ലേ."
       എന്തു പറയണമെന്നറിയാതെ ഞാൻ അച്ചനെ നോക്കി നിന്നു. പെട്ടെന്ന് എനിക്ക് ജീസസ് യൂത്തിന്റെ കാര്യം ഓർമ്മ വന്നു. ഇപ്പൊ അത് അച്ചനോട് പറയാൻ പറ്റിയ അവസരമാണ്. ഇപ്പൊ പറഞ്ഞില്ലെങ്കിൽ ഇനി ചിലപ്പോ ഒരു അവസരം കിട്ടിയില്ലെന്നുവരാം. അധികം ആലോചിക്കാൻ നിൽക്കാതെ പെട്ടെന്നുതന്നെ അച്ചനോട് ചോദിച്ചു. "അച്ചാ., നമുക്കിവിടെ ജീസസ് യൂത്ത് തുടങ്ങിയാലോ?"
        ഇവിടെയുള്ള സംഘടനയിൽ തന്നെ ആരും വരുന്നില്ല. അതുകൊണ്ട് അച്ചനത് സമ്മതിക്കാൻ ഒട്ടും സാധ്യതയില്ല. ആ ഒരു നിമിഷത്തിലുണ്ടായ ആവേശത്തിൽ അറിയാതെ ചോദിച്ചുപോയതാണ്. 
       ഒന്ന് ആലോചിച്ചിട്ട് അച്ചൻ പറഞ്ഞു: " തുടങ്ങാം, പക്ഷേ പിള്ളേര് വരോ?"
          "വരുന്നവർ മതി., അധികം ആളുകളൊന്നും വേണ്ട. അഞ്ചു പേരുണ്ടെങ്കിൽ നമുക്ക് അതുമതി."
         "എന്നാ നമുക്ക് തുടങ്ങാം., നീ അതിന്റെ കാര്യങ്ങളൊക്കെ അന്വേഷിക്ക്."
       "ശരി അച്ചാ., ഞാൻ കാര്യങ്ങളെല്ലാം അന്വേഷിച്ചിട്ട് പറയാം. എനിക്കിപ്പോൾ കുറച്ച് തിരക്കുണ്ട്." എന്നു പറഞ്ഞ് ഞാൻ വേഗം സ്ഥലം വിട്ടു. എന്തോ സുഖമുള്ളൊരു ഭാരമെടുത്ത് തലയിൽ വച്ച പോലെയാണ് എനിക്കപ്പോൾ തോന്നിയത്.
         വീട്ടിൽ ചെന്ന് പെട്ടെന്നുതന്നെ ബൈക്കെടുത്ത് ഞങ്ങൾ അങ്കമാലിയിലേക്ക് പോയി. ഇരുട്ടായതുകൊണ്ടും അധികമൊന്നും അവിടേക്ക് പോയിട്ടില്ലാത്തതുകൊണ്ടും ഒരുപാട് ചുറ്റിക്കറങ്ങിയാണ് ഞങ്ങൾ കല്യാണവീട്ടിലെത്തിയത്. എനിക്കറിയാത്ത കുറേ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നു. അപ്പച്ചൻ എല്ലാവരെയും അവരറിയാതെ തന്നെ എനിക്ക് പരിചയപ്പെടുത്തിതന്നു. പക്ഷേ ഒന്നും തലയിൽ കേറുന്നുണ്ടായിരുന്നില്ല. എല്ലാവരോടും പരിചയമുള്ള പോലെ തന്നെ ഞാൻ പെരുമാറി.
        ചടങ്ങുകളെല്ലാം കഴിഞ്ഞു. നല്ല വിശപ്പുണ്ട്. ഭക്ഷണം വിളമ്പി തുടങ്ങി. പക്ഷേ, ആദ്യം പോയിരുന്ന് കഴിക്കാനൊരു മടി. മറ്റുമള്ളവരെന്ത് വിചാരിക്കും. ഒന്നും വിചാരിക്കേണ്ട കാര്യമില്ല. ആ സമയത്ത് വിശപ്പിനേക്കാൾ എനിക്കു വലുത് അനാവശ്യമായ ആത്മാഭിമാനമായിരുന്നു. അതുകൊണ്ട് കുറച്ചു നേരം കൂടി വിശപ്പ് സഹിക്കാൻ തീരുമാനിച്ചു.
        അപ്പച്ചൻ എല്ലാ ബന്ധുക്കളോടും സംസാരിച്ചുകൊണ്ട് നടക്കുന്നുണ്ട്. ഞാൻ ആരോട് എന്ത് സംസാരിക്കാനാണ്? എന്റെ പ്രായക്കാർ അധികമാരും ഇല്ല. പിന്നെയും മൊബൈലെടുത്ത് കുത്തിക്കൊണ്ടിരിക്കാൻ തുടങ്ങി. ഒറ്റയ്ക്കാകുമ്പോൾ മൊബൈലൊരു നല്ല സുഹൃത്താണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുഞ്ഞുനാള് തൊട്ട്  ഇന്നേവരെയുള്ള എല്ലാ കൂട്ടുകാരും ഈ ചെറിയ കണ്ണാടിത്തുണ്ടിൽ ലഭ്യമാണ്. അടുത്തുള്ളവനും അമേരിക്കയിലുള്ളവനും ഈ കണ്ണാടിച്ചില്ലിനുള്ളിലുണ്ട്. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ഈ കണ്ണാടി ചില്ലിൽ നിന്ന് ആരും പുറത്തേക്കിറങ്ങി വരില്ല.
       പെട്ടെന്നാണ് പള്ളിയിൽ വച്ച് അച്ചനോട് സംസാരിച്ച കാര്യങ്ങൾ ഓർമ്മ വന്നത്. വിശ്വസിക്കാനാകുന്നില്ല. ഇത്ര പെട്ടെന്ന് അച്ചനോട് അതേപ്പറ്റി സംസാരിക്കാൻ സാധിക്കുമെന്നോ അച്ചനത്  സമ്മതിക്കുമെന്നോ വിചാരിച്ചതല്ല. ശരിക്കും ഇതെല്ലാം ദൈവഹിതമായിരിക്കോ? ഇന്ന് പുലർച്ചെ കണ്ട സ്വപ്നത്തിന്റെ ആദ്യ ഘട്ടം വൈകുന്നേരമായപ്പോഴേക്കും പൂർത്തിയായിരിക്കുന്നു. ഇനി എന്തൊക്കെയാണ് ചെയ്യേണ്ടത്? ഒന്നും അറിയില്ല. അച്ചൻ സമ്മതിച്ച കാര്യമെല്ലാം വാട്സാപ്പിലൂടെ ഷെറിനെ അറിയിച്ചു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അവൾ ഉടനെ അറിയിക്കാമെന്നും പറഞ്ഞു.