Thursday, July 16, 2020

നാമ്പ് (ആമുഖം)


ഒരു രാത്രി. നല്ല തലവേദനയുണ്ട്. കിടന്നാൽ ഉറക്കം വരാൻ സാധ്യതയില്ല. എന്നും വൈകിയാണ് ഉറങ്ങാറുള്ളത്. ഒരു സിനിമ കണ്ടു തീർക്കണമെന്നുണ്ട്. മൊബൈലിൽ അധികം നേരം നോക്കിയിരിക്കാനാവില്ല. തലവേദന കൂടി വരുന്നുണ്ട്. ബാം പുരട്ടിയിട്ട് ഒരു കുറവും ഇല്ല. ഷെൽഫിൽ നിന്ന് ഒരു പെനഡോൾ എടുത്ത് അകത്താക്കി. സമയം കളയാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ച് കിടന്നു. ആപ്പോഴാണ് ഫോണിൽ ഇൻസാറ്റാൾ ചെയ്ത ഒരു പുതിയ ആപ്പ് ഓർമ്മ വന്നത്. "മൈ ബുക്സ്." അതിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ട്. അതിൽ ഏതെങ്കിലും ഓഡിയോ ബുക്ക് ഉണ്ടോ എന്ന് നോക്കി. പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവൽ എന്റെ ശ്രദ്ധയിൽപെട്ടു. ഈ പുസ്തകത്തെപറ്റി എവിടെയോ കേട്ടിട്ടുണ്ട്. നല്ല പുസ്തകമാണെന്നു തോന്നി. അങ്ങനെ അത് കേട്ട് കിടക്കുവാൻ തീരുമാനിച്ചു. റഷ്യൻ എഴുത്തുകാരനായ ഫിയോദർ ദസ്തയേവ്സ്കിയുടെയും അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യാൻ വരുന്ന സ്റ്റെനോഗ്രാഫർ അന്നയുടെയും കഥ. ഇത് കേട്ടുകൊണ്ട് കിടക്കുമ്പോൾ ഒരു വർഷം മുമ്പ് എന്റെ ജീവിതത്തിലുണ്ടായ കുറച്ചുകാര്യങ്ങൾ ഓർമ്മവന്നു. അതൊരു ദൈവാനുഭവമായിരുന്നോ.? അതോ സ്വാഭാവികമായി സംഭവിച്ചതാണോ? അറിയില്ല. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ ആദൃശ്യമായ ഒരു ഇടപെടൽ അതിലുണ്ടായിരുന്നു എന്നാണ് എന്റെ വിശ്വാസം. ദൈവത്തോട് കൂടുതൽ അടുക്കാൻ അത് കാരണമായി. ആരോടെങ്കിലും അതെല്ലാം പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ഒരുപക്ഷേ അവരത് വിശ്വസിക്കണമെന്നില്ല. അതുകൊണ്ട് അധികമാരോടും ഞാൻ  പറഞ്ഞിട്ടില്ല. എന്തായാലും അതെല്ലാം എഴുതിവയ്ക്കുവാന്‍ തീരുമാനിച്ചു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും.

            എന്റെ ജീവിതത്തിലുണ്ടായ ഒരു പുതിയ തുടക്കത്തിന്റെ കഥയാണ് "നാമ്പ്". കുറവുകളേറെയുണ്ടാകാം, അതിനെല്ലാം മുൻകൂറായി ക്ഷമ ചോദിച്ചുകൊണ്ട് ആരംഭിക്കുന്നു.

15 comments: