Tuesday, July 21, 2020

നാമ്പ് (ഭാഗം 1)

ഏറെ സുപരിചിതമായ എന്റെ ദേവാലയം. കൂടെ കുറച്ച് കൂട്ടുകാർ. ആരുടെയും മുഖം വ്യക്തമല്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. ഒരു പ്രാർത്ഥന യോഗം അവസാനിപ്പിച്ച് പിരിയുന്ന രംഗം. 
എന്തോ ശബ്ദം കേട്ട് പെട്ടെന്ന് കണ്ണ് തുറന്നു. ശരിയായി ഉറക്കം കിട്ടാത്തതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു.  ഉറക്കമെങ്ങനെ കിട്ടാനാണ്, എന്നും പാതിരാവരെ മൊബൈലും നോക്കി കിടക്കും. ഏറെ വൈകിയാണ് ഉറങ്ങാറുള്ളത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല. പക്ഷെ എഴുന്നേൽക്കാതെ നിവൃത്തിയില്ല. ഇന്ന് ഞായറാഴ്ച്ചയാണ്. അപ്പനും അമ്മയും പള്ളിയിൽനിന്ന് വരുന്നതിനു മുമ്പേ എഴുന്നേൽക്കണം. ഇറച്ചി വാങ്ങാൻ എന്നെ ഏൽപ്പിച്ചിട്ടുണ്ട്. വൈകിയാൽ തിരക്ക് കൂടും. സമയം എത്രയായെന്നറിയില്ല. മൊബൈലാണെങ്കിൽ ചാർജ്ജ് ചെയ്യാൻ വച്ചേക്കാണ്. അങ്ങനെ എഴുന്നേൽക്കാൻ തീരുമാനിച്ചു. കുരിശ് വരച്ച് കിടക്കയിൽ തന്നെ ഇരിന്നു. ഉറക്കത്തിൽ കണ്ട സ്വപ്നത്തിലെ രംഗങ്ങൾ മനസ്സിൽ മിന്നിമറയുന്നു. "എന്താണത്.? ചേട്ടൻമാരുടെ പ്രെയർ ഗ്രൂപ്പാണോ..? ഏയ്.. അല്ല., അതിന് ഞാൻ പോവാറില്ല. മാത്രമല്ല അതിൽ ചെറുപ്പക്കാരൊന്നും ഉണ്ടാകാറുമില്ല. പിന്നെന്താ അത്.? ജീസ്സസ് യൂത്താണോ..? അറിയില്ല."
 പണ്ട് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഒരു പ്രോഗ്രാമ്മിന് പോയിട്ടുണ്ട്. അതുകഴിഞ്ഞ് രണ്ടോ മൂന്നോ തവണ പള്ളിയിൽ ജീസ്സസ് യൂത്ത് കൂടിയിട്ടുണ്ട്. പിന്നെ അത് മുടങ്ങിപ്പോയി. ഇപ്പോ പള്ളിയിൽ ഒരു യൂത്തും ഇല്ല. യുവജനസംഘടനകളൊന്നും സജീവമല്ല. സി എൽ സി ഉണ്ട്. പക്ഷേ, അതിൽ എന്റെ പ്രായക്കാർ ആരും ഇല്ല. അതുകൊണ്ട് പോകാൻ മടിയാണ്. ഇനി ജീസ്സസ് യൂത്ത് തുടങ്ങിയാൽ തന്നെ ആരും വരില്ല. ആർക്കും സമയമുണ്ടാവില്ല.  ഞാനിപ്പോ എന്തിനാ ജീസ്സസ് യൂത്തിനെപറ്റി ചിന്തിക്കുന്നേ.? ഞാനും ആ സംഘടനയും തമ്മിൽ ബന്ധമൊന്നും ഇല്ല. പക്ഷേ, എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ട് കൂട്ടുകാരുണ്ട്. അഖിലും ഷെറിനും.

                      ഏതാണ്ട് ആറു മാസം മുമ്പാണ് അഖിലിനെ പരിചയപ്പെട്ടത്. അത് അമ്മയുടെകൂടെ അട്ടപ്പാടിയിൽ വട്ടായിലച്ചന്റെ ഏകദിന ധ്യാനത്തിന് പോയപ്പോഴായിരുന്നു. അതൊരു ഒന്നൊന്നര യാത്രയായിരുന്നു. മലയും ചുരവുമൊക്കെ കയറിയുള്ള ഒരു യാത്ര.  ആദ്യമായിട്ടാണ് ഞാൻ അങ്ങോട്ട് പോകുന്നത്. കൂടെ ജോലിചെയ്യുന്ന ടീച്ചറുടെകൂടെ അമ്മ ബസിന്റെ മുമ്പിലത്തെ സീറ്റിൽ പോയിരുന്നു. എനിക്ക് പുറകിൽ ജനലിനോട് ചേർന്നുള്ള ഒരു സീറ്റ് കിട്ടി.  എന്റെയടുത്തുള്ള സീറ്റിൽ ഇരുന്നത് ഡെയ്ൽ ആയിരുന്നു. അവനെ എനിക്ക് ചെറുപ്പം മുതലേ അറിയാം. കുറച്ചുനാൾ അവൻ കൊയമ്പത്തൂര് നിന്നാണ് പഠിച്ചത്. ഇപ്പോ നാട്ടിലുണ്ട്. ഞങ്ങൾ തമാശയൊക്കെ പറഞ്ഞ് അടിച്ചുപൊളിച്ച് പോയി. തിരികെ വന്നപ്പോൾ ഞാൻ ആദ്യം സീറ്റിൽ പോയിരുന്നു. ഡെയ്ൽ പുറത്ത് കാറ്റുംകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരുത്തൻ ഒരു വില്ലനെപ്പോലെ എന്റെയടുത്ത് വന്നിരുന്നത്. എന്റെ സുഹൃത്തിന്റെ സീറ്റ് കൈക്കലാക്കിയവനെ വില്ലനെന്നല്ലാതെ പിന്നെന്താ വിളിക്കാ. എനിക്കത് തീരെ ഇഷ്ടപെട്ടില്ല. "ഈ സീറ്റിലൊരാളുണ്ട്." ഞാൻ പറഞ്ഞു. അവൻ ഒന്നും സംഭവിക്കാത്ത പോലെ ശാന്തനായിരുന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു : "എന്റെ സീറ്റ് മുമ്പിലായിരുന്നു. ഇപ്പോഴവിടെ ഒരു ചേച്ചി വന്നിരുന്നു. ഞാനെങ്ങനാ അവരോട് മാറിയിരിക്കാൻ പറയാ. അതാ ഞാൻ ഇങ്ങോട്ട് വന്നേ." എന്തെങ്കിലുമാവട്ടെ എന്ന മനസ്സോടെ ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഡെയ്ൽ അവിടെ കാറ്റും കൊണ്ട് നിൽപ്പുണ്ടായിരുന്നു. "ഈ ആളുകളൊക്കെ എന്താ ഇങ്ങനെ. എല്ലാവർക്കും അവരവരുടെ സീറ്റിൽ തന്നെ ഇരുന്നൂടെ. എല്ലാർക്കും വന്നപോലെ തന്നെ ഹാപ്പിയായി തിരികെ പോവാലോ. ഇനി ഡെയ്ൽ എവിടെ ഇരിക്കും. എവിടെയെങ്കിലും ഒരു സീറ്റ് കിട്ടാതിരിക്കില്ല." ഞാൻ മനസ്സിൽ ആലോചിച്ചു. ഡെയ്ലിന് കുറച്ചുനീങ്ങി ഒരു സീറ്റ് ലഭിച്ചു. ബസിൽ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട വ്യസനത്തോടെ ഞാൻ യാത്രതിരിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അടുത്തിരുന്നവനെ പരിചയപ്പെട്ടു. അവന്റെ പേര് അഖിൽ. വീട് കുറ്റിക്കാടാണ്. കുറ്റിക്കാടെന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിരാണ്. ഞാൻ രണ്ടു വർഷം കുറ്റിക്കാട് ഹൈസ്കൂളിൽ പഠിച്ചിട്ടുണ്ട്. അവനും അതേ സ്കൂളിലാണ് പഠിച്ചത്. കുറച്ചുനേരം അവനോട് സംസാരിച്ചു. പിന്നെ ജനലിലൂടെ വഴിയോരകാഴ്ചകൾ കണ്ടിരുന്നു. ഉച്ചകഴിഞ്ഞെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാറ്റ് ബസിന്റെ ജനലിലൂടെ അകത്തേക്ക് വീശുന്നുണ്ടായിരുന്നു.  ചെറുതായൊന്ന് മയങ്ങിപ്പോയി. ഉണർന്നപ്പോൾ വണ്ടി നിറുത്തിയിരിക്കുന്നു. എല്ലാവരും ചായകുടിക്കാൻ ഇറങ്ങി.  ചായകുടിയൊക്കെ കഴിഞ്ഞ് വീണ്ടും യാത്രയാരംഭിച്ചു. പതിയെ പതിയെ അഖിലുമായി ചങ്ങാത്തം സ്ഥാപിച്ചു. സന്ധ്യയായപ്പോൾ എല്ലാവരുംകൂടി കുറച്ചുനേരം പ്രാർത്ഥിച്ചു. അതിനുശേഷം ബസിൽ ഉണ്ടായിരുന്ന യുവാക്കളുടെ നേതൃത്വത്തിൽ കലാപരിപാടികൾ ആരഭിച്ചു. എല്ലാവരെക്കൊണ്ടും പാട്ടുകൾ പാടിപ്പിക്കുകയെന്നതായിരുന്നു പ്രധാന പരിപാടി. അങ്ങനെ അടിച്ചുപൊളിച്ച് യാത്ര അവസാനിക്കാറായി. വിചാരിച്ച പോലെയല്ല. അഖിൽ നല്ല പയ്യനാണ്. എത്ര പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത് . അടുത്ത തവണ പോകുമ്പോൾ ഒരുമിച്ച് പോകാമെന്നു പറഞ്ഞ് ഞങ്ങൾ മൊബൈൽ നമ്പർ കൈമാറി.

7 comments: