Sunday, July 26, 2020

നാമ്പ് (ഭാഗം 2)

         പിന്നീടാണ് അഖിൽ ജീസ്സസ് യൂത്താണെന്നൊക്കെ ഞാനറിയുന്നത്. ജീസ്സസ് യൂത്തിന്റെ പ്രോഗ്രാമുകളെപറ്റി അവൻ വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അങ്ങനെയൊരിക്കൽ ആറ് മണിക്കൂർ ആരാധനയിൽ ജീസ്സസ് യൂത്ത് പ്രാർത്ഥിക്കുന്നതിനെകുറിച്ചുള്ള ഒരു വാട്സാപ്പ് സ്റ്റാറ്റസ് കണ്ടു. അതിനെപറ്റി ഞാൻ അഖിലിനോട് തിരക്കി. അവൻ അതെല്ലാം ഒരു സംശയം പോലും ശേഷിക്കാത്തവിധം ശബ്ദ സന്ദേശത്തിലൂടെ എനിക്കു വിവരിച്ചുതന്നു.  മറുപടിയായി "ഒകെ" മാത്രമേ എനിക്കു പറയേണ്ടിവന്നുള്ളൂ. ആറ് മണിക്കൂർ തുടർച്ചയായി തിരുസന്നിധിയിൽ, അങ്ങനെ ഒരു വർഷം മുഴുവൻ, ഒരു ദിവസം പോലും മുടങ്ങാതെ ഓരോ ജീസ്സസ് യൂത്തും മാറിമാറിയിരുന്ന് പ്രാർത്ഥിക്കും. ഭയങ്കരം തന്നെ. ഒരു മണിക്കൂർ പോലും തുടർച്ചയായി പ്രാർത്ഥിക്കുവാൻ സാധിക്കാത്ത എനിക്ക് അതൊരു വലിയ കാര്യമായിതന്നെ തോന്നി. ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം അഖിൽ എന്നോട് ആറ് മണിക്കൂർ ആരാധനയുടെ ഭാഗമാകാൻ ആവശ്യപ്പെട്ടു. അതിൽ നിന്ന് ഒഴിവാകാൻ ഞാൻ കാരണങ്ങൾ കണ്ടെത്തി. എന്നാൽ ഫലമൊന്നുമുണ്ടായില്ല. അത് ഒഴിവാക്കിയിട്ട് എനിക്ക് വേറെയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജോലിയും കൂലിയുമൊന്നും ഇല്ല. കടങ്ങൾ ഒരുപാടുണ്ട്. ജോലി അന്വേഷിച്ചിട്ട് കിട്ടാത്തതിന്റെ ടെൻഷൻ വേറെ. "മറ്റെവിടെയുമല്ലാലോ എന്റെ ദൈവത്തിന്റെ കൂടെയിരിക്കാനല്ലേ. എന്റെ സങ്കടങ്ങൾ കണ്ട് ദൈവം ഒരു ജോലി ശരിയാക്കി തന്നാലോ. എന്നെകൊണ്ട് ഇങ്ങനെയെങ്കിലും ആർക്കെങ്കിലും ഒരുപകാരമുണ്ടാകട്ടെ." എന്നൊക്കെ മനസ്സിൽ ചിന്തിച്ച് ഞാൻ സമ്മതിച്ചു. എനിക്കത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. ഒരിടത്ത് തന്നെ ആറ് മണിക്കൂർ എങ്ങനെ ഇരിക്കും. അതും പ്രാർത്ഥിച്ചുകൊണ്ട്. ഉറക്കം വരില്ലേ. ദാഹിക്കില്ലേ. അത്രേം നേരം എന്താ പ്രാർത്ഥിക്കാ. ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു. ഞാൻ ശ്രമിച്ചുനോക്കാമെന്ന് അഖിലിനോട് പറഞ്ഞു. ഈ പ്രാർത്ഥനകളുടെ മേൽനോട്ടം വഹിച്ചിരുന്നത് കുറ്റിക്കാടുള്ള ഷെറിൻ ആയിരുന്നു. ഇതിനോടകം അഖിൽ എന്റെ നമ്പർ അവൾക്ക് കൈമാറിയിരുന്നു. അവൾ വാട്സാപ്പിലൂടെ വേണ്ട നിർദേശങ്ങൾ തന്നു. രാവിലെ വിളിച്ച് എല്ലാം ഒന്നുകൂടി വ്യക്തമാക്കിതന്നു. അങ്ങനെ ഞാനും ആ വലിയ പ്രാർത്ഥനായജ്ഞത്തിന്റെ ഭാഗമായി. പിന്നെയും പലദിവസങ്ങളിൽ ആരും പ്രാർത്ഥിക്കാനില്ലാത്ത അവസരങ്ങൾ വന്നപ്പോൾ ആറുമണിക്കൂർ ആരാധനയ്ക്ക് ഷെറിൻ എന്നെ വിളിച്ചു. പറ്റില്ലെന്ന് പറയാൻ എനിക്ക് കാരണങ്ങളൊന്നും ഇല്ലായിരുന്നു. മാത്രമല്ല, ദിവ്യകാരുണ്യത്തിലൂടെ ഈശോയുടെ സ്നേഹം  ഞാനും അനുഭവിച്ചു തുടങ്ങിയിരുന്നു. എനിക്ക് സാധിക്കുന്ന ദിവസങ്ങളിലെല്ലാം ഞാൻ ആരാധനയിലിരുന്നു. അങ്ങനെ പതിയെ ഷെറിനും എന്റെ നല്ല സുഹൃത്തായിമാറി.

         കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ജീസ്സസ് യൂത്ത് കേരള കോൺഫറൻസ് എന്ന ഒരു പ്രോഗ്രാം നടക്കായിരുന്നു. കേരളത്തിലുള്ള എല്ലാ ജീസ്സസ് യൂത്തൂം ഓരുമിച്ചുകൂടുന്ന ഒരു വലിയ പ്രോഗ്രാം.  അത് ഇന്നലെ അവസാനിച്ചു. അഖിൽ അതിൽ പങ്കെടുക്കാൻ പോയിരിക്കാണ്. ഷെറിൻ പോയിട്ടില്ല. അവർ അതിന്റെ കുറേ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. സംഭവം കൊള്ളാം. ഡാൻസ്, പാട്ട്, ഫുൾ അടിച്ചുപൊളി. ആ പ്രോഗ്രാമിന്റെ ഭാഗമായി തട്ടിൽ പിതാവ് പ്രസംഗത്തിൽ സംസാരിക്കുന്നതിന്റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കണ്ടു. അതിൽ പിതാവ് ഇങ്ങനെ പറഞ്ഞു: "ജീസ്സസ് യൂത്ത് തൊട്ടവർക്കൊക്കെ സ്നേഹത്തിന്റെ ചൊറിച്ചിലുണ്ട്." എത്ര ലളിതമായ, മനോഹരമായ പ്രയോഗം. "സ്നേഹത്തിന്റെ ചൊറിച്ചിൽ." ആ വാക്കുകൾ എന്നെ ഏറെ സ്പർശിച്ചു. പിതാവ് പറഞ്ഞത് ശരിയാണെന്ന് എനിക്കു തോന്നി. എനിക്കിപ്പോ ജീസ്സസ് യൂത്തിലെ രണ്ടുപേരെ മാത്രമേ അറിയൂ. ആ രണ്ടുപേരിലും സ്നേഹത്തിന്റെ ഈ ചൊറിച്ചിൽ ഞാൻ കണ്ടിട്ടുണ്ട്.  ചിലപ്പോ അതൊക്കെ ആലോചിച്ച് കിടന്നിട്ടാവും ഞാൻ ജീസ്സസ് യൂത്ത് പ്രെയർ ഗ്രൂപ്പിനെ സ്വപ്നത്തിൽ കണ്ടത്. അതും യുവജനങ്ങളൊന്നും സജീവമല്ലാത്ത എന്റെ ഇടവകയിൽ. ഇതൊക്കെ എങ്ങനെ സംഭവിക്കും.




                    ഞാൻ ആലോചനളെല്ലാം അവസാനിപ്പിച്ച് കിടക്കയിൽ നിന്ന് എഴുന്നേറ്റു. മൊബൈലിൽ സമയം നോക്കി. ഏഴുമണി കഴിഞ്ഞു. അപ്പച്ചനും അമ്മച്ചിയും കുർബ്ബാന കഴിഞ്ഞ് വന്നിട്ടില്ല. മൊബൈൽ അവിടെതന്നെവച്ച് രൂപക്കൂടിനടുത്തേക്ക് നടന്നു. ഉറക്കച്ചുവയോടെ കൈകൂപ്പി ഒന്നുകൂടി കുരിശുവരച്ച്  പ്രാർത്ഥിച്ചു. "ഈശോയെ., ജീസ്സസ് യൂത്തൊക്കെ എനിക്കും ഇഷ്ടാണ്. പക്ഷേ ഞാൻ മാത്രം വിചാരിച്ചാൽ ഇവിടെ ഒന്നും നടക്കില്ല." എന്നിട്ട് വചനപ്പെട്ടിയിൽ നിന്ന് ഒരു വചനമെടുത്ത് വായിച്ചു. 
"ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ."
പുറപ്പാട്‌ 18 : 19


4 comments: