Saturday, October 17, 2020

നാമ്പ് (ഭാഗം 5)



          ഞായറാഴ്ചക്ക് ഇനി രണ്ട് ദിവസമേയൈള്ളൂ.  മുമ്പ് പലരും എന്റെ ഇടവകയിൽ ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങാൻ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം ഒരോരോ കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയി. ഇതും അങ്ങനെയാകുമോ എന്നൊരു പേടിയുണ്ട്. ഏജൻസിയിൽ നിന്ന് ജോലിയുടെ കാര്യത്തിന് എപ്പോഴാണ് വിളിക്കുകയെന്ന് അറിയില്ല. വിളിച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പോകേണ്ടി വരും. ഞാൻ പോയാൽ ഇവിടുത്തെ കാര്യങ്ങളൊക്കെ ആരുനോക്കും?  എല്ലാം തുടങ്ങിവച്ച് പോയെന്ന ചീത്തപ്പേരും ഞാൻ സഹിക്കേണ്ടി വരും. എന്റെ ടെൻഷനെല്ലാം അഖിലിനോട് പറഞ്ഞു. അഖിൽ കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞ് എന്നെ ധൈര്യപ്പെടുത്തി: "മുമ്പ്  പ്രെയർ ഗ്രൂപ്പുകളുടെയെല്ലാം ഫോളോ അപ് ചെയ്തിരുന്നത് സോണിൽ നിന്നായിരുന്നു. അതുകൊണ്ട് എല്ലാ ഗ്രൂപ്പുകളിലേക്കും എത്തിച്ചേരാൻ പ്രായോഗികമായ തടസ്സമുണ്ടായിരുന്നു. എന്നാലിപ്പോൾ നമ്മുടെ സോണിനെ മൂന്ന് സബ്സോണാക്കി തിരിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാ ഇടവകയിലെ പ്രയർ ഗ്രൂപ്പുകളെയും നന്നായി ശ്രദ്ധിക്കാൻ കഴിയും. ചാലക്കുടി സബ്സോണിന്റെ പൂർണ്ണ പിന്തുണ നോർത്ത് ചാലക്കുടി ജീസ്സസ് യൂത്തിനുണ്ടാകും. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല." 
                      സോൺ എന്താണ്, സബ്സോൺ എന്താണ്, എന്നൊന്നും അറിയാത്ത എനിക്ക് എന്ത് മനസ്സിലാവാനാണ്. എന്തായാലും അവരുടെയൊക്കെ പിന്തുണയുണ്ടാകും. അഖിൽ വെറുതെയൊന്നും അങ്ങനെ പറയില്ല. എങ്കിലും കാര്യങ്ങളൊന്നും അത്ര എളുപ്പമല്ല. ഇതെല്ലാം മരുഭൂമിയിൽ ഒരു ചെടി നടുന്നതുപോലെ ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ശരിക്കും ആരാണ് ഈ ചെടി നടുന്നത്? ഞാൻ നടുന്നതാണെങ്കിൽ ഉറപ്പായും വാടിപ്പോകും. പക്ഷേ ഇത് നടുന്നത് ദൈവമല്ലേ? ഒരാഴ്ച മുമ്പുവരെ എന്റെ മനസ്സിൽ പോലും ഇല്ലാതിരുന്ന കാര്യങ്ങളാണ് ഞാനിപ്പോൾ ചെയ്യുന്നത്. ഇതെല്ലാം ആർക്കുവേണ്ടിയാണ്? എനിക്കുവേണ്ടിയാണോ? അതോ ആ അദൃശ്യ ശക്തി എന്നെകൊണ്ട് ചെയ്യിക്കുന്നതാണോ? അങ്ങനെയെങ്കിൽ ഇത് നടുന്നത് ഞാനല്ല. ഇത് വളരേണ്ടത് എന്നെ ആശ്രയിച്ചുമല്ല, നടുന്നവനെ ആശ്രയിച്ചാണ്. ദൈവം നട്ടുപിടിപ്പിച്ചതിനെ ദൈവം തന്നെ വളർത്തും. ഞാനൊരു പണിക്കാരൻ മാത്രം. ഞാൻ പോയാൽ വേറെ പണിക്കാരൻ വരും. എന്നെ ഏൽപ്പിച്ച ജോലി ചെയ്യുകയെന്ന കടമ മാത്രമേ എനിക്കുള്ളൂ. അതുകൊണ്ട് ഒന്നും പേടിക്കാനില്ല.
                       കുറച്ചുകഴിഞ്ഞപ്പോൾ പിന്നെയും അഖിലിന്റെ മെസേജ് വന്നു. ഞായറാഴ്ച കുറ്റിക്കാട് പള്ളിയിൽ ബിഷപ്പ് വരുന്നുണ്ടത്രേ. അവരുടെ ഇടവകയിലെ എന്തോ വലിയ ആഘോഷമാണ്. അതുകൊണ്ട് അഖിൽ വരുമ്പോൾ വൈകും. അഖിലില്ലെങ്കിൽ പിന്നെ പ്രാർത്ഥന നയിക്കുന്നതാര്? ജീസ്സസ് യൂത്ത് എന്താണെന്നുപോലും അറിയാത്ത ഞങ്ങൾ ഒരുമിച്ച് കൂടിയിട്ട് എന്തു ചെയ്യാനാണ്. ആദ്യത്തെ ദിവസമാണ്. കാര്യങ്ങൾ നല്ല രീതിയിൽ നടന്നില്ലെങ്കിൽ തുടർന്നുള്ള ആഴ്ചകളിൽ ആരും വരില്ല. അങ്ങനെ പതിയെ ഇതും മുടങ്ങിപ്പോകും. അതുവരെയുണ്ടായിരുന്ന ധൈര്യം പതിയെ ചോർന്നില്ലാതായി. ആത്മവിശ്വാസത്തിൽ നിന്ന് നിരാശയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. ഒരു ചെറിയ കാര്യത്തിനുപോലും മനുഷ്യനെ നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിടുവാൻ കഴിയും. അതിന് അധികം സമയമൊന്നും ആവശ്യമില്ല. 
                     അങ്ങനെ ആരെ വിളിക്കണമെന്നറിയാതെ തലപുകഞ്ഞ് ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് പരിചയമുള്ള ഒരു ചേട്ടന്റെ കാര്യം ഓർമ്മ വന്നു. ജീസ്സസ് യൂത്തുമായി വളരെ ബന്ധമുള്ള ആളാണ്. മുമ്പെപ്പോഴോ ആ ചേട്ടൻ ജീസ്സസ് യൂത്തിന്റെ പ്രോഗ്രാമ്മിനെകുറിച്ച് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ചേട്ടനു  വരാൻ സാധിച്ചാൽ നന്നായിരിക്കുമെന്ന് തോന്നി. പെട്ടെന്നുതന്നെ അഖിലിനോട് അയാളെ വിളിക്കുന്നതിനെ പറ്റി ചോദിച്ചു. അവനും പരിചയമുള്ള ആളാണ്. ആ ചേട്ടൻ തന്നെ മതിയെന്ന് അഖിലും പറഞ്ഞു.  അപ്പോൾ തന്നെ അയാളെ ഫോണിൽ വിളിച്ചു. പക്ഷേ ഫോണെടുത്തില്ല. കുറച്ചുകഴിഞ്ഞപ്പോൾ തിരികെ വിളിച്ചു. കാര്യങ്ങളെല്ലാം വ്യക്തമായി സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം നലുമണിക്ക് പള്ളിയിലേക്ക് വരാമെന്ന് സമ്മതിച്ചു. മറന്നുപോകാതിരിക്കാൻ ഒന്നുകൂടെ വിളിച്ച് ഓർമിപ്പിക്കണമെന്നും പറഞ്ഞു. അങ്ങനെ ആ കാര്യത്തിനും ഒരു തീരുമാനമായി.

1 comment:

  1. Pulikarante role pulikaran nala adipoli ayit cheyanund........😇

    ReplyDelete